ഒരു കലോത്സവദിനത്തിലൂടെ

 തികച്ചും യാദൃശ്ചികമായാണ് ഇന്ന് ഞാൻ സ്കൂൾ കലോത്സവവേദിയിൽ എത്തിയത്. കോളേജിൽ ക്ലാസ്സ്‌ ഇല്ലായിരുന്നതിനാൽ, അനുജത്തിയെ കലോത്സവത്തിന് പങ്കെടുപ്പിക്കാൻ ഞാനും പോയി...

കുട്ടികൾ നിറഞ്ഞിരിക്കുന്ന വലിയ സദസ്സിനിടയിലേക്ക് അവളുടെ കൈ മുറുകെപ്പിടിച്ചു നടന്നു,മത്സര വേദി കണ്ടെത്തി ഒരു സീറ്റിൽ സ്ഥാനം പിടിച്ചു. വേദിയിൽ അപ്പോൾ ലോവർപ്രൈമറി വിഭാഗം,ഭരതനാട്യം അരങ്ങേറുകയായിരുന്നു. കുഞ്ഞു കുട്ടികൾ തിളങ്ങുന്ന ആടയാഭരണങ്ങളോടെ പാട്ടിനൊപ്പം ചുവടുവയ്ക്കുന്നു, വേദിയുടെ ഒരു ആ വശത്തായി അവരുടെ അമ്മമാരും പ്രാർത്ഥനയോടെ ഓരോ ചുവടിനും താളവും പിടിച്ചങ്ങനെ നിൽക്കുന്നു,രണ്ടുമൂന്നുപേർ സ്റ്റേജിനു മുന്നിലിരുന്ന് നൃത്തത്തെ വിലയിരുത്തുന്നുമുണ്ട്.

കുറച്ചുകുട്ടികൾ ചുവടുമറന്നുപോയി സ്റ്റേജിൽ നിന്നും നിറക്കണ്ണുകളോടെ ഇറങ്ങി വരുന്നു, അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന ഗുരുക്കന്മാർ... ഇതെല്ലാം മത്സരവേദിയുടെ സ്ഥിരം കാഴ്ചകളിലുൾപ്പെടുന്നു. ഏകാഭിനയം ഉച്ച കഴിഞ്ഞേയുള്ളൂ എന്നറിഞ്ഞ് ഉച്ചയൂണ് കഴിഞ്ഞ് അതേ ഇരിപ്പിടത്തിൽ വീണ്ടും ഇരുന്നു,

അവിചാരിതമായാണ് വളരെ പരിചിതമായ ആ കണ്ണുകൾ എന്നെ ലക്ഷ്യമാക്കി ആൾക്കൂട്ടത്തിനിടയിൽ നിന്നും കടന്നു വന്നത്,ഓർത്തെടുക്കാൻ ശ്രമിക്കുന്നതിനുമുമ്പുതന്നെ എന്റെ കൈകൾ അവർ മുറുകെപ്പിടിച്ചു, സംശയം ഒരു ചിരികൊണ്ട് മറച്ചുപിടിച്ച് വളരെ സന്തോഷത്തോടെ ഞാൻ നിന്നു.

"മോളിത്തവണ മത്സരത്തിനൊന്നും പങ്കെടുക്കുന്നില്ലേ? പണ്ട് മത്സരവേദിയിലെ ഒരു താരമായിരുന്നു ഇവൾ"അവർ അടുത്തു നിന്ന ടീച്ചറോട് വളരെ കാര്യമായി പറയുന്നതുകേട്ട ഞാൻ ഒരു നിമിഷം നിശബ്ദയായിപ്പോയി. ഞാൻ വളർന്നതറിയാതെ എന്റെ ഭൂതകാലം അവർ നന്നായി വർണിക്കുന്നതുകേട്ട് ചമ്മിയ ചിരിയോടെ നിന്നു.ആരെന്നറിയാതെ കുറേ നേരം സന്തോഷം പങ്കിട്ടു.

എന്നിൽ നിന്നും കുറച്ചുനടന്നകലെ പോയപ്പോൾ അടുത്തുനിന്ന ടീച്ചറോട് അതാരായിരുന്നു എന്നു തിരക്കിയപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് എനിക്ക് മറുപടി തന്നു, അത് ഒരു പഴയഅധ്യാപികയാണ്.

പണ്ട് മത്സരവേദികളിൽ ഞാൻ ഇതുപോലെ ഒരു ദിവസം ഏകാഭിനയം കാഴ്ചവച്ച് വിജയിച്ചപ്പോൾ എന്നെ ഒരുപാട് പ്രശംസിച്ച അധ്യാപിക... പിന്നീടുള്ള മത്സരവേദികളിലെല്ലാം അവരുടെ ചിരിച്ചമുഖവും പ്രശംസകളും ഉണ്ടായിരുന്നു... എനിക്ക് ഒരുപാട് പ്രോത്സാഹനം നൽകിയ പ്രിയഅധ്യാപിക, പഴയ കലോത്സവനിമിഷങ്ങളിലൂട വീണ്ടും ഞാൻ സഞ്ചരിച്ചു, എന്റെ ഏകഭിനയത്തിന്റെ മങ്ങിയ രംഗങ്ങൾ ഞാൻ വീണ്ടും കണ്ടു...

പെട്ടെന്നാണ് അനുജത്തിയുടെ മത്സരത്തിന്റെ നിർദേശങ്ങൾ മൈക്കിലൂടെ വിളിച്ചുപറഞ്ഞത്, ഭൂതകാലത്തിൽ നിന്നും വീണ്ടും വർത്തമാനത്തിലേക്ക് ഞെട്ടിയിണീറ്റുവന്നു, ചെസ്സ് നമ്പർ തിരഞ്ഞെടുത്ത് ഊഴത്തിനായി കാതോർത്തിരുന്നു...

ഒടുവിൽ അവളുടെ ഊഴവും വന്നു, ആദ്യം ചെറിയ പേടിയുണ്ടായിരുന്നുവെങ്കിലും പതിയെ പതിയെ അതിനെ തരണം ചെയ്ത് മികച്ച പ്രകടനം കാഴ്ചവച്ചു.കൈയ്യടിയുടെ ശബ്ദം അവളുടെ മുഖത്ത് പുഞ്ചിരിവിടർത്തി. ഓരോ കുട്ടികളും അവരുടെ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. ഫലം,പ്രഖ്യാപിച്ചു, രണ്ടാം സ്ഥാനം ഉണ്ടായിരുന്നു. വളരെ സന്തോഷത്തോടെ സ്കൂളിൽ നിന്നും ഇറങ്ങിയപ്പോഴും ആ ടീച്ചറുടെ മുഖം എന്റെ മനസ്സിലങ്ങനെ ചിരിച്ചു നിൽക്കുന്നുണ്ടായിരുന്നു... ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ഈ കലോത്സവദിനം എന്റെ അനുഭവക്കുറിപ്പിൽ ഞാൻ പ്രത്യേകം സൂക്ഷിച്ചുവച്ചിട്ടുണ്ട്...

 

Comments